'പന മുറിക്കുന്നതിനിടെ ഓട്ടോക്ക് മുകളില്‍ വീണ് യുവാവ് മരിച്ചു'
ഇന്നു രാവിലെ പത്രമെടുത്ത് മറിച്ചപ്പോള്‍ കണ്ണിലുടക്കിയ ഒരു ചരമവാര്‍ത്തയുടെ തലക്കെട്ട്.
മാന്യ
വായനക്കാര്‍ക്ക് എന്തു മനസ്സിലായി...? പന മുറിക്കാന്‍ കയറിയ യുവാവ്
ഓട്ടോയുടെ മുകളിലേക്ക് വീണുമരിച്ചു എന്നല്ലേ...? ഈ തലവാചകം കണ്ടപ്പോള്‍
എനിക്കും തോന്നിയത് അങ്ങനെത്തന്നെ. ബാക്കി വായിച്ചപ്പോഴോ. ആകെ കണ്ഫ്യൂഷന് ..!
"..........ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശശിധരന് ഓട്ടോയില്‍
കുട്ടികളുമായി ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റിലേക്ക്
പോകുന്നതിനിടെയാണ് അപകടം. വഴിയില്‍ വെച്ച് മുറിക്കുന്ന പന ദിശമാറി
ഓട്ടോറിക്ഷക്ക് മുകളില്‍ വീഴുകയായിരുന്നുവത്രേ."
പ്രിയപ്പെട്ടവരേ, ഇപ്പോള്‍ എന്താണു മനസ്സിലായത്...?
ശശിധരന് സഞ്ചരിച്ചിരുന്ന ഓട്ടോക്കുമുകളിലാണ് പനവീണത്. എന്നാല്‍ തലക്കെട്ടു വായിക്കുമ്പോഴോ...? പനമുറിക്കാന്‍ കയറിയ ശശിധരനാണ് ഓട്ടോക്കു മുകളില്‍ വീണതെന്നല്ലേ തോന്നുക..? ഒരാവര്‍ത്തികൂടി വായിച്ചു. അപ്പോള്‍ വീണ്ടുമെന്തൊക്കെയാ ചേരായ്ക പോലെ...!
'.........ഓട്ടോയില്‍ കുട്ടികളുമായി' എന്ന സ്ഥലത്തും എന്തോ
ശരികേടില്ലേ..? 'കുട്ടികളുമായി ഓട്ടോയില്‍...... ' എന്നല്ലേ
ശരിയായ രൂപം...?
അല്പം താഴെയായി
'വഴിയില്‍ വെച്ച് മുറിക്കുന്ന പന'
എന്നതിലെ 'വഴിയില്‍ വെച്ച്' ആവശ്യമുണ്ടായിരുന്നോ..? കോണ്‍വെന്റിലേക്ക്
പോകുന്നതിനിടെയാണ് അപകടമെന്നു പറഞ്ഞസ്ഥിതിക്ക് പിന്നെയുമൊരു 'വഴിയില്‍
വെച്ച്' എന്തിനിയാരുന്നു പത്രാധിപരേ...? വഴിയില്‍, കുറുകെ വെച്ചാണ്
പനമുറിക്കുന്നതെന്നു തോന്നാനും ഇത് വഴിയൊരുക്കിയില്ലേ...?
എല്ലാം സഹിച്ചും
ക്ഷമിച്ചും വായിച്ച് തീര്‍ക്കുമ്പോഴതാ മുതുകാടിന്റെ മാജിക്കിലെ പോലെ പന
തെങ്ങായി രൂപാന്തരം പ്രാപിക്കുന്നു..
പത്രം ഏതെന്നു ചോദിച്ചാല്‍ പറയാനിത്തിരി വിഷമമുണ്ട്. ഞാനേറെ
സ്നേഹിക്കുന്ന പത്രമാണത്. ചന്ദ്രിക! കാരണം, ബാല്യകാലത്ത്
അക്ഷരങ്ങള്‍ കൂട്ടിവായിച്ചു
പഠിച്ചത് ഈ ചന്ദ്രികയില്‍ നിന്നാണെന്നത് കൊണ്ടുതന്നെ. ഒരുനേരത്തെ ആഹാരം മുടങ്ങിയാലും ചന്ദ്രികപത്രം മുടങ്ങാതിരിക്കാന്‍
ശ്രദ്ധിച്ചിരുന്ന
ചായക്കച്ചവടക്കാരനായ ഉപ്പയുടെ മകനാണ് ഞാന്‍ . ഏറെ
ഇഷ്ടപ്പെടുന്ന ഒരു പത്രത്തില്‍ ഇയ്യിടെയായി പലപ്പോഴും ഇങ്ങനെയുള്ള
പിശകുകളും അക്ഷരത്തെറ്റുകളും കാണുമ്പോള്‍ പറയാതിരിക്കാനാവുന്നില്ല. അത്
ഇവിടെ കുറിച്ചുവെന്നു മാത്രം.
പണ്ടൊരിക്കല്‍ 'ബലാല്‍സംഗം'എന്ന വാക്ക് ചന്ദ്രികയില്‍
'ബലാല്‍സംഘ'മായപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരെ വിളിച്ചു കണക്കിനു
കളിയാക്കിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നു രാവിലെ അതാണെനിക്ക് ഓര്മ
വന്നത്.
അച്ചടിമാധ്യമരംഗത്ത് തിളക്കമാര്‍ന്ന വിജയം കൊയ്ത് അക്ഷരസ്നേഹികളുടെ അങ്കത്തട്ടായി പേരെടുത്ത ചന്ദ്രികയുടെ സേവനങ്ങള്‍ എക്കാലത്തും പ്രശംസാര്‍ഹമാണ്. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ള പ്രതിഭകള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ തുറക്കപ്പെട്ട വാതായനങ്ങള്‍ ചന്ദ്രികയുടേതാണെന്ന് പറയുന്നതില്‍ അഭിമാനവുമുണ്ട്. പക്ഷേ...., (ഈ പക്ഷേയില്‍ എല്ലാം ഒതുക്കുന്നു...)
പ്രിയപ്പെട്ട ചന്ദ്രികേ, നിന്നെ തിരുത്താനുള്ള അറിവൊന്നുമില്ലെനിക്ക്.
ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്തിത്തന്നാലും. മറുകുറിപ്പ് മാപ്പാക്കി
പോസ്റ്റാന്‍ എനിക്ക് യാതൊരു മടിയുമില്ല. കാരണം, എന്റെ ബ്ലോഗ് വായനക്കാരോട്
ഞാനൊരു മുന്‍കൂര്‍ജാമ്യം എടുത്തിട്ടുണ്ട്. എന്റെ ബ്ലോഗിന്റെ ഇടതുവശത്ത്
അത് ഇമ്മിണിബല്യ അക്ഷരത്തിലെഴുതിച്ചേര്‍ത്തിട്ടു
മുണ്ട്. ഞമ്മള് ബെറുമൊരു ഏഴാം ക്ലാസേരന്‍ ...!