25.5.14

കണാരന്‍

കോഴിക്കോട്ടേക്കുള്ള ബസ് യാത്രയാണ്...!

മഞ്ചേരി ബസ് സ്റ്റാന്റില്‍ നിന്നാണ് മധ്യവയസ്‌കനായ അദ്ദേഹം കയറിയത്.
മുമ്പു കണ്ട പരിചയമുള്ളതുപോലെ തുറന്നു ചിരിച്ച് അദ്ദേഹം അടുത്തുവന്നിരുന്നു.
പിന്നെ ചോദിച്ചു.

'എങ്ങോട്ടാ..?'

'കോഴിക്കോട്ടേക്ക്...'

'ഏട്ടനെങ്ങോട്ടാ...?'

'കൊണ്ടോട്ടിയിലേക്കാണ്..'

'ങും... '
ഞാനൊന്നു മൂളി. ഇയര്‍ഫോണെടുത്ത് ചെവിയില്‍ തിരുകി.
ഓഫീസിലെത്തി ചെയ്യേണ്ട പണികളെക്കുറിച്ചുള്ള
ടെന്‍ഷനായിരുന്നതിനാല്‍ സംസാരിക്കാനുള്ള മൂഡിലല്ലായിരുന്നു.
പക്ഷേ, അദ്ദേഹത്തിനത് അറിയില്ലല്ലോ. അദ്ദേഹം തുടര്‍ന്നു.

'പേരെന്താ..? എന്താ ജോലി...?'

'റിയാസ് '

'ങേ...?'

'റിയാസ് ന്ന്..!'

'ങാ ..! നൈസ് നൈം! ജോലി... ഐ മീന്‍ വര്‍ക്...?'

ഞാന്‍ മൂപ്പരെ ഒന്നു നോക്കി....
'കോഴിക്കോട് ദര്‍ശന ചാനലിലാ...!'

'ആഹാ... അതു കൊള്ളാം... അപ്പൊ നമ്മളൊരു ഫീല്‍ഡിലാണല്ലോ.'
അദ്ദേഹം ഷൈക്ഹാന്‍ഡിനായി കൈ നീട്ടി.
ഞാനും കൈ കൊടുത്തു.

'ഇങ്ങളെവിടാ ജോലി ചെയ്യ്‌ണെ..?'

'ഏഷ്യാനെറ്റിലെ കുങ്കുമപ്പുവ് ചെയ്തത് ഞാനാ...! '

പ്ലിംഗ്!
ഇതുവരെ ഒരൊറ്റ എപ്പിസോഡ് പോലും കാണാത്തതിനാലും
ആ പൂവിനെക്കുറിച്ച് ഒരു എ.ബി.സി.ഡിയും അറിയാത്തതിനാലും
ഞാന്‍ മറുത്തൊന്നും ചോദിച്ചില്ല. തലയാട്ടുക മാത്രം ചെയ്തു.
അദ്ദേഹം നിര്‍ത്തിയില്ല.

'പിന്നെ മഴവില്‍ മനോരമയിലെ മിക്ക പരിപാടികളിലും
എന്റെ തലച്ചോറുണ്ട്.
മീഡിയാ വണ്ണിലെ m80 മൂസ്സയും ഞാന്‍ തന്നെയാ...!'

'm80 മൂസ്സ വിനോദ് കോവൂരല്ലേ...?'

'അത് അഭിനയിക്കുന്ന ആളല്ലേ... ?!
ഞാന്‍ അതിന്റെ അണിയറയിലാ...'

'ങാ.. അങ്ങനെ..! '

'ങാ...! പിന്നെ ഷാജി കൈലാസിന്റെ മിക്ക സിനിമകളുടെയും
കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. '

'അപ്പൊ സാറ് ക്യാമറയിലാണോ...?'

'അല്ല. ക്യാമറയല്ല. അണിയറ.. അണിയറ...!'

'അണിയറാന്ന് പറഞ്ഞാ...?'

'അണിയറാന്ന് പറഞ്ഞാ.. അതിന്റെ എ ടു ഇസഡ്..!'
കക്ഷി നിര്‍ത്തുന്ന ഭാവമില്ല.... തുടര്‍ന്നു...!

'പിന്നെ ഇന്നിപ്പോ ഡല്‍ഹീ പോണം. സത്യപ്രതിജ്ഞാ
ചടങ്ങിന് നമോ വിളിച്ചിട്ടുണ്ട്. ഇന്നലെ ഭാര്യയെ
വിളിച്ച് പറഞ്ഞേല്‍പിച്ചതാ...!!!'

ഹെന്റുമ്മോ... വട്ടായിരുന്നൂല്ലേ...!!! (ആത്മഗതം)

'മിക്കവാറും ഞാന്‍ ക്യാബിനറ്റ് മന്ത്രിയാവാനുള്ള സാദ്ധ്യതയും ഉണ്ട്.
അതിനെക്കുറിച്ചുകൂടി ഇന്ന് വൈകുന്നേരം ചര്‍ച്ചയുണ്ട്.
മന്‍മോഹന്‍ സിംഗ് പ്രത്യേകം പറഞ്ഞിട്ടുണ്ട്, എന്നെ ആക്കാന്‍...!'

(:O പടച്ചോനേ..!!!)

'മിസ്റ്റര്‍ റിയാസ്, നിങ്ങക്കറിയോ, ഞാന്‍ നേരത്തെ ഇന്ദിരാഗാന്ധി
മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത ആളാ...!
അതിനും മുമ്പ് ഗാന്ധിജിയെ ഗോഡ്‌സെ വധിക്കുമ്പോള്‍ അരുത്
ഗോഡ്‌സെ വധിക്കരുതെന്ന് പറയാന്‍ ഞാന്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടാണ് ഗാന്ധിജി തൂങ്ങിമരിച്ചത്....!'

ടിയാന്റെ മുഖത്ത് നിരവധി വികാരങ്ങള്‍ മിന്നി മറഞ്ഞു.
സത്യായിട്ടും എനിക്കു പേടിയായി...
വേഗം കൊണ്ടോട്ടി എത്തിയെങ്കില്‍ എന്നു ഞാനാശിച്ചു.

ഞാന്‍ അപ്പുറത്തെ സീറ്റിലേക്കിരിക്കാന്‍ വേണ്ടി മെല്ലെ എഴുന്നേറ്റു.
അയാളുടെ ശബ്ദം ഉയര്‍ന്നു:

'എവിടേക്കാണെടാ കള്ള പപ്പരാസീ നീ പോകുന്നേ... ?
ഇരിക്കെടാ അവിടെ...!'

ഞാനിരുന്നുപോയി...

മൂപ്പര്‍ പൊട്ടിച്ചിരിച്ചു...!
മൂപ്പിലാന്‍ ഭീകരമായ 'കത്തി' തുടര്‍ന്നുകൊണ്ടേയിരുന്നു....

കൊണ്ടോട്ടിയെത്തി

'മിസ്റ്റര്‍ റിയാസ്,
അപ്പോ നമുക്കു പിന്നെക്കാണാം. ഞാനിറങ്ങുകയാണ്. '

ഹാവൂ...! സമാധാനമായി (വീണ്ടും ആത്മഗതിച്ചു.)
പിന്നെ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു:

'സര്‍ ന്റെ പേരെന്താന്നാ പറഞ്ഞത്...?'

'എന്റെ പേര് ഞാനതിനു പറഞ്ഞില്ലല്ലോ...!
എന്റെ പേര് കണാരന്‍...
നാട്ടുകാര്‍ ജാലിയന്‍ കണാരനെന്ന് വിളിക്കും....!'
((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))


No comments:

Post a Comment