9.8.14

സര്‍ബത്ത്‌


കുട്ടിക്കാലത്ത്  പനി ഇടയ്ക്കിടെയുണ്ടാകുമായിരുന്നു. പനിയുടെ ലക്ഷണം കണ്ടാലുടന്‍ ഉമ്മയ്ക്ക് വല്ലാത്ത ആധിയാവും. ഉടന്‍ ഹോസ്പിറ്റലിലെത്തിച്ചാലേ ഉമ്മയ്ക്കു സമാധാനമാവൂ. ഉപ്പയ്ക്കു വീടിനടുത്തുതന്നെ ചെറിയൊരു ചായക്കടുണ്ടായിരുന്നതിനാല്‍ ഉമ്മതന്നെയാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. മണ്ണാര്‍ക്കാട് അന്നും ഇന്നും ശിവദാസന്‍ ഡോക്ടര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറാണ്. അവിടെത്തന്നെയാവും എന്നേയുംകൂട്ടി ഉമ്മ പോകുക. പനിയായാലും ഡോക്ടറെക്കണ്ട് പുറത്തിറങ്ങിയാല്‍ ഒരു സര്‍ബത്ത് കുടിക്കല്‍ എനിക്കു നിര്‍ബന്ധമായിരുന്നു. പറഞ്ഞുവരുന്നത് സര്‍ബത്തിനെക്കുറിച്ചുതന്നെ! :)

'നറുനീണ്ടി' അഥവാ നന്നാറി (നന്നാരി) വേരും കോഴിമുട്ടയുടെ വെള്ളയും മറ്റുമിട്ട് കാച്ചി തേനുപോലിരിക്കുന്ന മിശ്രിതത്തില്‍ നിന്ന് അല്‍പം ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അതിലൊരു ചെറുനാരങ്ങയുടെ പാതി നീരും ചേര്‍ത്ത് ബാക്കി വെള്ളവുമൊഴിച്ച് സ്പൂണിട്ട് കിണി കിണി കിണി ശബ്ദത്തില്‍ നാലടിയുമടിച്ച് നിഷ്‌കളങ്കമായി പല്ലില്ലാത്ത മോണകാട്ടിപ്പുഞ്ചിരിച്ച് കോടതിപ്പടിയിലുണ്ടായിരുന്ന ആ പെട്ടിക്കടക്കാരന്‍ സര്‍ബത്ത് നീട്ടുന്നത്  മായാതെയിന്നും ഓര്‍മയിലുണ്ട്. ഇപ്പോഴും കോടതിപ്പടിയെത്തുമ്പോള്‍ അവിടെ വെറുതെയൊന്നു നോക്കും, അദ്ദേഹമില്ലെന്നറിഞ്ഞിട്ടും..! :(

പി.ടി. ഉഷ ഓടുന്നതിലും വേഗത്തില്‍ കാലം ആരെയും കാത്തുനില്‍ക്കാതെ ഓടിയപ്പോഴാണ് നാട്ടിലൊരുനാള്‍ സൈദ്ക്കാന്റെ പെട്ടിക്കട വരുന്നത്. അവിടെ, വത്തക്കവെള്ളവും മറ്റു പല ശീതളപാനീയങ്ങളുമുണ്ടെങ്കിലും  ഞമ്മക്കിഷ്ടം നന്നാരി സര്‍ബത്തുതന്നെയായിരുന്നു.

കൗമാരപരാക്രമക്കാലമായപ്പോഴേക്കും കോളകള്‍ വ്യാപകമായിരുന്നു. കൂട്ടുകാരോടൊപ്പം എവിടെയെങ്കിലും പോവുമ്പോള്‍ വല്ല ശീതളപാനീയശാലയിലും കയറുന്നുവെങ്കില്‍ എന്റെ ശാഠ്യം സര്‍ബത്ത് വേണമെന്നുതന്നെ. പലപ്പോഴും സര്‍ബത്തില്ലാത്ത കടയിലേക്ക് 'അവിടെയുണ്ടെ'ന്നു പറഞ്ഞ് അവര്‍ കൂട്ടിക്കൊണ്ടുപോവും. അവരൊക്കെ പൈനാപ്പിള്‍, ലമണ്‍, ഓറഞ്ചാദി ജ്യൂസുകള്‍ കുടിക്കുമ്പോള്‍ മുടിഞ്ഞ ഈഗോ കാരണം അതെനിക്കു വേണ്ടെന്നുപറഞ്ഞ്‌  'മോന്ത കനപ്പിച്ച്' ഇരിക്കേണ്ടിവന്നിട്ടുണ്ട്. (അല്ലെങ്കിലും നിനക്ക് ഈഗോ അല്‍പം കൂടുതലാണ് എന്ന് കമെന്റിടണമെന്നല്ലേ ഇപ്പോള്‍  മനസ്സില്‍ ? :P)

കല്യാണം കഴിഞ്ഞ് നാലാംനാള്‍ (കൃത്യമായിപ്പറഞ്ഞാല്‍ 2000 സെപ്റ്റംബര്‍ 13 ന് ബുധനാഴ്ച) പ്രിയതമയുമായി കാഞ്ഞിരപ്പുഴയിലേക്ക് 'ടൂര്‍'  :D പോയി. അന്നവിടെയൊരു കൂള്‍ബാറില്‍ കയറിയപ്പോള്‍ കുറേ ഐസ്‌ക്രീം കഴിക്കുന്നവരെക്കണ്ടു. നല്ലപാതിക്കും ഐസ്‌ക്രീം തന്നെ വേണം. കുട്ടിപ്രായമാണ്. ;) അവള്‍ക്കുമാത്രമല്ല, എനിക്കും. അന്നെനിക്ക്‌ പത്തൊമ്പത് വയസ്സ്. :) (തുറിച്ചുനോക്കണ്ട, :O പത്തൊമ്പതാം വയസ്സില്‍ കല്യാണം കഴിച്ച് ചരിത്രം സൃഷ്ടിച്ചവനാ നുമ്മ..! പത്താംക്ലാസ്സുകാരിയായിരുന്ന അവള്‍ക്ക് പതിനഞ്ചുവയസ്സും!  അന്ന്‌ പതിനെട്ടുവയസ്സിന്റെ നിയമോം നൂലാമാലയുമൊന്നുമില്ലാത്തതുകൊണ്ട് ജയിലില്‍ പോവാതെ രക്ഷപ്പെട്ടു കോയാ! :P ) വയസ്സുവെച്ചു നോക്കുമ്പോള്‍ ഐസ്‌ക്രീം കഴിക്കേണ്ട പ്രായം തന്നെ..! :) അവള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് ഞമ്മളാ സര്‍ബത്തിന് 'ഓര്‍ഡര്‍' ചെയ്ത  അന്നാണ് അവള്‍ ആദ്യമായെന്നെ 'പിശുക്കന്‍' എന്നുവിളിച്ചത്.  :D

കുട്ടികളുമായി ഔട്ടിംഗിന്  (ഔട്ടിംഗ് എന്നുപറഞ്ഞാല്‍ നമ്മടെ അലനല്ലൂരങ്ങാടിയിലേക്കോ മണ്ണാര്‍ക്കാടങ്ങാടീക്കോ ഒക്കെത്തന്നെ! ;) ) വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മോന്‍ ഓര്‍മപ്പെടുത്തും: ഉപ്പാ, അങ്ങാടീപോയീട്ട് സര്‍ബത്ത് വേണോന്ന് ചോദിക്കര്ത്. ഒന്നും വാങ്ങിത്തന്നില്ലേലും വേണ്ടീല്ല. :D  കുട്ട്യോള്‍ക്കൊന്നും ഇതിന്റെ രുചിയും സവിശേഷതയുമറിയില്ലെന്ന് വെറുതെ ആത്മഗതം ചെയ്യും ഞാന്‍. ;)

നന്നാറി, ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിയര്‍പ്പിന്റേയും മൂത്രത്തിന്റേയും വലിയൊരംശം പുറത്തുകളയുന്നതിനും നല്ലതാണ്. ഇതിന്റെ കിഴങ്ങില്‍ നിന്നെടുക്കുന്ന തൈലത്തില്‍ മെഥോക്‌സി സാലിസൈക്ലിക് ആല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടത്രേ. പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതായും എവിടെയോ വായിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തില്‍ ഇതിന്റെ കിഴങ്ങുപയോഗിക്കുന്നുണ്ട്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്ന നറുനീണ്ടിയുടെ ഔഷധ ഗുണത്തെക്കുറിച്ച് നാട്ടുവൈദ്യന്മാരും അമ്മൂമ്മമാരും നേരത്തെതന്നെ ബോധവാന്മാരായിരുന്നു. 1831ല്‍ ഡോ. ആഷ്ബര്‍ണറിന്റെ പരിചയപ്പെടുത്തലാണ് നന്നാറിയെ പാശ്ചാത്യലോകം അറിയാന്‍ കാരണമായത്.

കാലചക്രം 'മജ്ജദ്ദീന്‍ തിര്യേല്' തിരിഞ്ഞപ്പോ എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിച്ച  പോലെ സര്‍ബത്തിനും മാറ്റമുണ്ടായി.  ഇന്ന് കുലുക്കി സര്‍ബത്തിനോടാണ് ജനങ്ങള്‍ക്കു പ്രിയം. റോഡ് സൈഡുകളില്‍ മുഴുവന്‍ കുലുക്കികളുടെ ബഹുഘോഷമാണ്. നിലമ്പൂര്‍ ഭാഗത്തെ കുലുക്കിസര്‍ബത്തു സ്റ്റാളുകളുടെ ബോര്‍ഡില്‍ കോഴിക്കോടന്‍ കുലുക്കി സര്‍ബത്തെന്നും കോഴിക്കോട്ടുള്ള ബോര്‍ഡുകളില്‍ തലശ്ശേരി കുലുക്കി സര്‍ബത്തെന്നുമൊക്കെ കാണാം. മണ്ണാര്‍ക്കാടെവിടെയോ കണ്ടിട്ടുണ്ട്, 'ബോംബെ കുലുക്കി സര്‍ബത്തെ'ന്ന്. :) പാലക്കാടിനടുത്ത ഒലവക്കോടുനിന്ന് കണ്ടത് 'ഹോട്ട് കുലുക്കി സര്‍ബത്താ'ണ്.  എന്തരോ എന്തോ! :)  കോഴിക്കോട് പലയിടത്തും മില്‍ക്ക് സര്‍ബത്തും സുലഭമാണ്. മാനാഞ്ചിറക്കടുത്ത് ഒരു കടയിലെ മില്‍ക് സര്‍ബത്തിന് ഏറെ ആവശ്യക്കാരുണ്ട്.

അപ്പോ എങ്ങനാ കാര്യങ്ങള്‍...? ഒരു സര്‍ബത്ത് കുടിച്ചാലോ...?
നല്ല മഴപെയ്യുമ്പോള്‍ ഗ്രാമത്തിലെ ടാര്‍പോളിന്‍കൊണ്ടു  മറച്ച പെട്ടിക്കടന്മേല്‍ ചാരിനിന്ന് മഴയാസ്വദിച്ചുകൊണ്ടൊരു നാടന്‍ സര്‍ബത്ത് കുടിക്കുന്ന രംഗം! ഹാ, ഒന്നാലോചിച്ചു നോക്കൂ.....! ഹൗ! കുളിരും മധുരവും... പിന്നെ കുറേ ഗതകാല സ്മരണകളും...!
((((((((((((((((((((((((((( Facebook ))))))))))))))))))


5 comments:

  1. സര്‍ബത്ത് വിശേഷം നന്നായി
    ആശംസകള്‍

    ReplyDelete
  2. ഇക്കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പോകുന്ന വഴിയില്‍ ഓരോ ഫര്‍ലോംഗ് ഇടവിട്ട് തട്ടുകടകളില്‍ “കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്” എന്ന് ബാനറും വച്ച് ഓരോ ഗഡികള്‍ ഇരിക്കുന്നു. സംഭവം എന്താന്നറിയാന്‍ ഒരിക്കല്‍ വാങ്ങിക്കുടിച്ചു. സറൌണ്ടിംഗ്സ് ഇഷ്ടപ്പെടാത്തതുകൊണ്ടാവും സര്‍ബത്തിനോട് പിന്നെ വലിയ പ്രിയം തോന്നിയില്ല.

    ReplyDelete
  3. നന്നാറിയ്ക്ക് ഔഷധഗുണമുണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത്.

    ReplyDelete
  4. എല്ലാത്തിലും മായം ചേര്‍ക്കുന്ന ഈ കാലത്ത്....സര്‍ബത്തിലും വേണം ഒരു ശ്രദ്ധ....എന്തായാലും നന്നായിട്ടുണ്ട് ആശംസകള്‍....

    ReplyDelete
  5. ഞാന്‍ ഇന്നുവരെ ഒരു സര്‍ബത്ത് കുടിച്ചിട്ടില്ല ..എന്നാലും അന്ന് കണ്ടപ്പോള്‍ നിങ്ങള്ക്ക് വാങ്ങി തന്നൂടാരുന്നോ കോയാ ഒരു സര്‍ബത്ത്

    ReplyDelete