18.9.14

പൊഴിഞ്ഞുടഞ്ഞ കുഞ്ഞുതുള്ളി

യാത്രകളില്‍ മറക്കാനാവാത്ത പല അനുഭവങ്ങളമുണ്ടാകാറുണ്ട്..
പലപ്പോഴും ഹൃദയം നുറുങ്ങുന്ന ചില കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയും വന്നിട്ടുണ്ട്...

2004 ലാണ്...
ഒരുസംഭവമിപ്പോഴും മറവിയുടെ മാറാല പറ്റാതെ കിടപ്പുണ്ട്, മനസ്സകത്ത്.
മധുരയില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ യാത്ര. പോക്കുവെയില്‍ മഞ്ഞയണിഞ്ഞ നേരത്താണ് കേരളത്തിന്റെ ബോര്‍ഡറിലെ പേരോര്‍മയില്ലാത്ത ആ സ്‌റ്റേഷനില്‍ വണ്ടി കിതച്ചുനിന്നത്. കുറച്ചുപേരിറങ്ങി. രണ്ടുമൂന്നുപേര്‍ കയറി. ഇപ്പോഴും ഇരിക്കുന്ന യാത്രക്കാര്‍ മാത്രമേയുള്ളൂ...

പത്തുപന്ത്രണ്ട് വയസ്സുതോന്നിക്കുന്ന ഒരു തമിഴ് പെണ്‍കുട്ടി വണ്ടിയിലേക്കു കയറിവന്നു. കൈക്കുഞ്ഞായ തന്റെ അനിയന്‍കുട്ടിയെ ശരീരത്തിലുണ്ടാക്കിയ താത്കാലികത്തൊട്ടിലിലുറക്കിക്കിടത്തിയിട്ടുണ്ട്. മുഖവുരകളേതുമില്ലാതെ അവള്‍ 'അയേ അജ്‌നബി തു ഭി കഭി..' എന്ന ഗാനം മനോഹരമായി പാടുകയാണ്...
അവളുടെ കണ്ണിലെ ദയനീയഭാവവും ഗാനത്തിന്റെ വരികളിലിഴുകിച്ചേര്‍ന്നുള്ള ആലാപനവും ഏതു കഠിനഹൃദയന്റേയും കണ്ണുനനയിക്കുന്നതായിരുന്നു... പാട്ടിനൊപ്പം പാട്ടയിലേക്ക് നാണയത്തുട്ടുകള്‍ വീണുകൊണ്ടിരുന്നു...

പാട്ടിന്റെ രണ്ടാമത്തെ അനുപല്ലവി കഴിഞ്ഞ് കലാശക്കൊട്ടിനായി പല്ലവിയിലേക്ക് മടങ്ങുമ്പോഴാണ് മുറുക്കിച്ചുവന്ന് വികൃതമായ ദന്തങ്ങളെക്കൊണ്ട് ഗോഷ്ടികാണിച്ചൊരു മനുഷ്യരൂപം അവളുടെയടുത്തെത്തുന്നത്. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

'പാട്ടേരീടെ അച്ഛനാണ്...'
സ്ഥിരം യാത്രക്കാരനാണെന്ന് നേരത്തെ പരിചയപ്പെടുത്തിയ സഹയാത്രികന്‍ എടപ്പാള്‍ സ്വദേശി ചിന്നേട്ടന്‍ കുറച്ചുറക്കെപ്പറഞ്ഞു.
അടുത്തിരിക്കുന്നവരൊക്കെ അതു കേട്ടുകാണണം.
'ആള് മുഴുക്കുടിയനാണ്. ഇവറ്റകളുടെ കയ്യിലുള്ളതൊക്കെ പന്നി വെള്ളമടിക്കാനായി തട്ടിപ്പറിക്കും. അതാണോളെ മോത്തൊരു പേടി. തള്ള രണ്ടുമൂന്നു മാസം മുമ്പ് വണ്ടിക്കുതലവച്ചു. ഓര്‍ക്കിടയിലെ എന്തോ ചില്ലറ പ്രശ്‌നങ്ങളാ... ഇവറ്റയൊക്കെ ഇങ്ങനെയാ...മക്കള് പാവം!'
ചിന്നേട്ടനൊരു പുച്ഛസ്വരത്തില്‍ സ്വകാര്യമായാണ് ഇത് പറഞ്ഞത്.
അമ്മയില്ലാത്തതിന്റെ നൊമ്പരം...
കുടിയനായ അച്ഛന്റെ ഉപദ്രവം...
രണ്ടുകുഞ്ഞുവയറുകള്‍ നിറക്കാനുള്ള പരിശ്രമം...
വല്ലാത്തൊരു ശൂന്യതയെന്നെ പിടികൂടി...
വണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു ...!

അയാള്‍ അടുത്തെത്തുമ്പോള്‍ ചീറ്റപ്പുലിയെക്കണ്ട മാന്‍കുട്ടിയുടെ ദൈന്യത അവളുടെ മുഖത്ത് പ്രകടമായി. അവള്‍ പാടിയ അവസാനത്തെ നാലുവരികള്‍ക്ക് ആവശ്യത്തിലപ്പുറം സംഗതിയുണ്ടാക്കിയത് വിറയെന്ന വികാരം..!
പാട്ടുപാടിത്തീര്‍ന്നയുടനെ അവളുടെ കൈയിലെ പണം തട്ടാനായിരുന്നു അയാളുടെ ശ്രമം. യാത്രക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാനാവും മുമ്പേ അയാള്‍ അവളുടെ കൈയില്‍ പിടിച്ചു. രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നുണ്ടവള്‍.

കുതറിമാറി എടുത്തുചാടുമ്പോള്‍ അയാള്‍ക്ക് അവളുടെ തോളിലെ തുണിത്തൊട്ടിലിലാണ് പിടുത്തം കിട്ടിയത്. അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത ഒരു മധ്യാവസ്ഥയില്‍ കുറേ സെക്കന്റുകള്‍ ട്രെയിനിന്റെ വാതില്‍ക്കമ്പിയില്‍ പിടിച്ച് വായുവില്‍ കുതറിയ ശേഷം മോള്‍ പ്ലാറ്റ് ഫോമിലേക്കും മോന്‍ പാളത്തിലേക്കും വീണു.

ഒന്നേ നോക്കിയതുള്ളൂ....! ഹൃദയം പിടഞ്ഞു പൊടിഞ്ഞു പോവുന്ന കാഴ്ച കാണാനാവാതെ കണ്ണുകളിറുകെച്ചിമ്മി. അടര്‍ന്നുപൊഴിഞ്ഞുരഞ്ഞുപോയൊരു കുഞ്ഞുപൂവിതള്‍...
വണ്ടിയുടെ വേഗതകൂടി; ഹൃദയമിടിപ്പിന്റേയും!

യാത്രക്കാരെല്ലാം ഒരു നിമിഷം സ്തബ്ധരായി....

ആരൊക്കെയോ കൂവിവിളിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി പിന്നെ...

വലിയൊരു വേദനയെ പിന്നിലാക്കി തീവണ്ടിച്ചക്രങ്ങള്‍ പാളങ്ങളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു...
കണ്ണുതുറന്ന് ബാക്കിലേക്കു നോക്കുമ്പോള്‍ തലയില്‍ കൈവച്ച് വിലപിക്കുന്ന ആ പെണ്‍കുട്ടിയെ നിറഞ്ഞകണ്ണുകളിലൂടെ അവ്യക്തമായിക്കണ്ടു. അവളെ ദൂരെയാക്കി ട്രെയിന്‍ നീങ്ങുമ്പോള്‍ നിസ്സഹായതയുടെ കോടമഞ്ഞിനുള്ളിലാണെന്നുതോന്നി.....

പിറ്റേന്നു പത്രങ്ങളെല്ലാം മറിച്ചുനോക്കി...

കണ്ടില്ല, ഒരുപൊട്ട് വാര്‍ത്തപോലും...!

അല്ലെങ്കിലും ഇതൊന്നും ഒരു വാര്‍ത്തയല്ലല്ലോ...!

അല്ല, ഇനി വാര്‍ത്ത വന്നിട്ടെന്താ കാര്യം...!
തിരിച്ചുകിട്ടുകയില്ലല്ലോ നഷ്ടപ്പെട്ടത്....!
((((((((((((((((((((((Facebook )))))))))))))))))))))

No comments:

Post a Comment